
കൊടും കുറ്റവാളി ഗോവിന്ദച്ചാമി തന്റെ കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയെന്ന് റിപ്പോർട്ട്. ഇയാൾ നേരത്തെ തന്നെ തന്റെ കണ്ണുകൾ ദാനം ചെയ്യാൻ ഒപ്പിട്ടുകൊടുത്തുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തമിഴ്നാട്ടിലായിരുന്ന സമയത്താണ് ഇയാൾ തന്റെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ട് കൊടുത്തത്. ഇയാളുടെ ഗ്രാമത്തിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
സേലം വിരുതാചലം സമത്വപുരം ഐവത്തിക്കുടി സ്വദേശിയാണ് ഗോവിന്ദച്ചാമി. പിടിച്ചുപറിക്കും മോഷണത്തിനുമായി തമിഴ്നാട്ടിൽ വിവിധ കാലയളവുകളിലായി ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
കേരളത്തിൽ ട്രെയിനിലെ കച്ചവടക്കാരന്റെ വേഷത്തിലായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗികാസക്തിയുള്ള ആളാണെന്ന് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.പാലക്കാട് മുതൽ എറണാകുളം വരെയുള്ള റൂട്ടിൽ ഇരുപതോളം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. ട്രെയിനുകളിൽ യാത്ര ചെയ്തു തരംകിട്ടിയാൽ മോഷ്ടിക്കുകയാണു പതിവെന്നു ഗോവിന്ദച്ചാമി സമ്മതിച്ചിരുന്നു.











